*കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാർ ആലിമീങ്ങളുടെ ഗുരുനാഥർ*


പുകൾപ്പെറ്റ അനേകം ആലിമീങ്ങളെ ശിഷ്യന്മാരായി നൽകി അള്ളാഹു അനുഗ്രഹിച്ച പണ്ഡിത കുലപതിയാണ് മർഹൂം കൂട്ടിലങ്ങാടി NK മുഹമ്മദ് മുസ്ലിയാർ എന്ന പുളിക്കൽ ബാപ്പു മുസ്ലിയാർ
              Koottilangadi Bappu Musliyar

മഹാനവർകളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് തന്നെ ഇവരുടെ ശിഷ്യ സമ്പത്താണ്
 മർഹും ശൈഖുനാ ചെറുശേരി സൈനുദ്ദീൻ മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അടക്കം അനേകം ശിഷ്യ ഗണങ്ങളുടെ ഗുരുവായ ഉസ്താദുൽ അസാതീദ് എന്ന് പണ്ഡിത ലോകം വാഴ്ത്തിയ മർഹും ഒതുക്കുങ്ങൽ ഒ കെ സൈനുദ്ദീൻ കുട്ടി മുസ്ലിയരുടെ ഉസ്താദാവാൻ ഭാഗ്യം ലഭിച്ച പണ്ഡിത സ്രേഷ്ടർ കൂടിയാണ് കൂട്ടിലങ്ങാടി പുളിക്കൽ ബാപ്പു മുസ്ലിയാർ.
മർഹൂം സ്വദഖത്തുള്ള ഉസ്താദിന്റെ ദർസിൽ ഒ കെ ഉസ്താദ് ഓതി പഠിക്കുമ്പോൾ അവിടെ സീനിയർ വിദ്യാർത്ഥിയായിരുന്നു ബാപ്പു മുസ്ലിയാർ. ഉസ്താദിന്റെ നിർദേശപ്രകാരം പല പ്രധാന കിതാബുകളും ബാപ്പു മുസ്ലിയാരിൽ നിന്നും ഒ കെ ഉസ്താദ് ഓതിയിട്ടുണ്ട്. ഒ കെ ഉസ്താദിന് വളരെ  ബഹുമാനവും ആദരവുമായിരുന്നു ബാപ്പു മുസ്ലിയാരോട്.
ഒരിക്കൽ ഒതുക്കുങ്ങൽ ഭാഗത്ത് വെച്ച് ബാപ്പു മുസ്ലിയാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തകരാറു പറ്റി , തകരാറ് പരിഹരിക്കാൻ അൽപം താമസിക്കും എന്ന് വന്നപ്പോൾ ഒ കെ ഉസ്താദിന്റെ വീട്ടിൽ വിശ്രമിക്കാമെന്നായി. ബാപ്പു മുസ്ലിയാർ വീട്ടിലെത്തിയപ്പോൾ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയും  വളരെ ആദരവോടെയും ബഹുമാനത്തോടെയും വർത്തിക്കുകയും   ബാപ്പു മുസ്ലിയാർ വീട്ടിൽ നിന്നും പോകുന്നത് വരെ  ഒന്ന് ഇരിക്കാൻ പോലും ഒ കെ ഉസ്താദ്  കൂട്ടാക്കുകയും ചൈതില്ല എന്ന്  അന്ന് ബാപ്പു മുസ്ലിയാരുടെ കൂടെയുള്ള ശിഷ്യന്മാരിൽ നിന്നും കേട്ടവർ അനുസ്മരിക്കാറുണ്ട് .

കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ വൈസ് പ്രസിഡന്റും കാന്തപുരം എ.പി .അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന സംഘടനയുടെ  പ്രഥമ പ്രസിഡന്റുമായിരുന്ന മർഹൂം സയ്യിദ് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി( ന.മ)(ഉള്ളാൾ തങ്ങൾ ), സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും  പ്രകൽഭ പണ്ഡിതരുമായിരുന്ന മർഹൂം കൂറ്റനാട് കെ വി മുഹമ്മദ് മുസ്ലിയാർ ( ന'മ), സുന്നി കേരളത്തിന്റെ അഭിമാനവും അഹ്ലു സുന്നയുടെ ധീര ശബ്ദവുമായിരുന്ന മർഹൂം ഇ കെ ഹസൻ മുസ്ലിയാർ (ന.മ), സമസ്തയുടെ കമ്പ്യൂട്ടർ എന്ന് വിഷേശിപ്പിച്ചിരുന്ന മർഹൂം എം.എം. ബഷീർ മുസ്ലിയാർ, ഖുത്ബുൽ ആലം ശൈഖ് സിഎം അബുബക്കർ മുസ്ലിയാർ മടവൂർ (റ ) [CMവലിയുള്ള ] ,
Ap വിഭാഗം സമസ്തയുടെ സെക്രട്ടറിയായിരുന്ന മർഹൂം ഉസ്താദ് ചിത്താരി ഹംസ മുസ്ലിയാർ ,
ശൈഖ് ഹസൻ ഹസ്രതിന്റെ മരുമകൻ പാപ്പിനിശേരി ഹാശിം തങ്ങൾ ,
കൂട്ടിലങ്ങാടി ഖാളി മർഹൂം ഉമർ മുസ്ലിയാർ. പാനായിക്കുളം അബ്ദു റഹിമാൻ ഹസ്റത്ത് [ന.മ], ചെറുകുന്ന് ഉസ്താദ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന പടിഞ്ഞാറങ്ങാടി സി മമ്മി കുട്ടി മുസ്ലിയാർ  പ്രഗൽപ പണ്ഡിതനും സൂഫിയുമായിരുന്ന പേരശന്നൂർ മുഹമ്മദ് മുസ് ലിയാർ തുടങ്ങിയ കേളി കേട്ട മഹത്തുക്കളെല്ലാം ബാപ്പു മുസ്ലിയാരുടെ ശിഷ്യന്മാരാണ്. കൂടാതെ ഇന്ന് ജീവിച്ചിരുപ്പുള്ള തമിഴ്നാട്  റഹ്മാനിയ്യ അറബി കോളേജ് പ്രിൻസിപ്പളും പ്രമുഖ സൂഫിവര്യനുമായ ആറ്റശേരി ശൈഖുനാ മമ്മിക്കുട്ടി ഹസ്രത്ത്, സമസ്ത കേന്ദ്ര മുശാവറ മെമ്പറും പതിനായിരങ്ങളുടെ ആശ്രയവുമായ ശൈഖുനാ മാണിയൂർ ഉസ്താദ് തുടങ്ങിയ പ്രഗൽഭരും ബാപ്പു മുസ്ലിയാരുടെ ശിഷ്യന്മാരാണ്.

 നീണ്ട 62 വർഷം ദറസ് നടത്തിയ ബാപ്പു മുസ്ലിയാരുടെ ശിഷ്യന്മാരെ എണ്ണി എടുക്കുക പ്രയാസമാണ്
 നാട്ടിൽ നിന്നു തന്നെയാണ് ബാപ്പു മുസ്ലിയാർ  മതപഠനം തുടങ്ങിയത്.  കൂട്ടിലങ്ങാടി ഖാളി കുഞ്ഞബ്ദുള്ള മുസ്ലിയാരാണ് പ്രഥമ ഗുരു
റഈസുൽ മുഹഖിഖീൻ മർഹൂം കണ്ണിയത്തു സ്താദിന്റ ദർസിലാണ് കൂടുതൽ കാലം ഓതിയത്. മർഹൂം സ്വദഖത്തുള്ള ഉസ്താദിന്റെ ചെമ്മങ്കടവ് ദർസിലും പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ അബ്ദുൽ അലി കോമു മുസ്ലിയാരുടെ ദർസിലും ഓതി പഠിച്ചിട്ടുണ്ട്. താനൂരിനടുത്ത് പനങ്ങാട്ടൂരിലാണ് ആദ്യമായി ദർസ് തുടങ്ങിയത്. അന്ന് 22 വയസാണ് പ്രായം പരപ്പനങ്ങാടിയിൽ കോമു മുസ്ലിയാരുടെ ദർസിൽ ഓതി പഠിക്കുന്ന കാലം പാങ്ങിൽ ഉസ്താദ് താനൂർ വലിയകുളങ്ങര പള്ളിയിൽ ദർസ് നടത്തുന്നു. ഒപ്പം പരിസര പ്രദേശങ്ങളിലൊക്കെ ദർസുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. പനങ്ങാട്ടൂരിലെ പട്ടാട്ടിൽ തങ്ങളടക്കമുള്ള കാരണവന്മാർ ഞങ്ങൾക്ക് ഒരു മുദരിസിനെ വേണമെന്ന് ആവശ്യപ്പെട്ട് പാങ്ങിൽ ഉസ്താദിനെ കാണുന്നു. പാങ്ങിൽ അവരോട് പരപ്പനങ്ങാടി  പനയത്തിൽ പള്ളിയിൽ ചെന്ന് കോമു മുസ്ലിയാരെ കാണാൻ ആവശ്യപ്പെടുന്നു. കാരണവന്മാർ നേരെ പരപ്പനങ്ങാടിയിലേക്ക് പോയി കോമു മുസ്ലിയാരെ കണ്ട് ഞങ്ങൾക്ക് പ്രാപ്തനായ ഒരു മുദരിസിനെ വേണം എന്നാവശ്യപ്പെട്ടു. 22 വയസ് മാത്രം പ്രായമുള്ള ബാപ്പു മുസ്ലിയാരെ ചൂണ്ടി " അതാ മുദരിസ് കൊണ്ട് പോയ്ക്കോളു " എന്ന് കോമു മുസ്ലിയാർ. അങ്ങിനെയാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ബാപ്പു മുസ്ലിയാർ പനങ്ങാട്ടൂർ പ്പള്ളിയിൽ മുദരിസാകുന്നത് രണ്ട് തവണകളിലായി മുപ്പത്തെട്ട്  വർഷത്തോളം പനങ്ങാട്ടൂരിലും രണ്ട് തവണയായി ഇരുപത്  വർഷത്തോളം തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക്കോളേജിലും  ശേഷം തൃക്കരിപ്പൂരിൽ 4 വർഷവും ഒരു വർഷത്തോളം സ്വന്തം നാട്ടിലും ദർസ് നടത്തിയിട്ടുണ്ട് .
ശംസുൽ ഉലമയുടെ ക്ഷണപ്രകാരമാണ് തളിപ്പറമ്പിൽ എത്തിയത്

ഭൗതിക പ്രശസ്തിയും സുഖാഡംബരങ്ങളും തീരെ ഇഷ്ടപ്പെടാതെ ഇൽമിലും ഇബാദത്തിലുമായി കഴിഞ്ഞ് കൂടിയ ബാപ്പു മുസ്ലിയാർ തികഞ്ഞ സൂഫിയും വലിയ വിജ്ഞാനസാഗരവുമായിരുന്നു. പഠിപ്പിക്കുന്ന വിഷയങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി യുള്ള ,ആർക്കും വേഗത്തിൽ മനസിലാക്കാൻ കഴിയുന്ന അധ്യാപന രീതിയാണ് കൂടുതൽ വിദ്യാർത്ഥികളെ ബാപ്പു മുസ്ലിയാരുടെ ദർസിലേക്ക് ആഘർഷിച്ചത് .വെല്ലുർ ബാഖിയാത്തിൽ നിന്നും പട്ടിക്കാട് ജാമിഅ നൂരിയ്യ യിൽ നിന്നും അധ്യാപകനാകാൻ  അദ്ദേഹത്തെ തേടി നിരവധി തവണ ക്ഷണം വന്നെങ്കിലും ബാഫഖി തങ്ങളടക്കമുള്ളവരോട് താഴ്മയോടെ തന്നെ തന്റെ പ്രയാസമറിയിക്കുകയായിരുന്നു .
ഉള്ളാൾ തങ്ങളും എ .പി.അബൂബക്കർ മുസ്ലിയാരും നേരിട്ട് വന്ന് കാരന്തൂർ മർക്കസിലേക്കും ക്ഷണിച്ചിരുന്നു എല്ലാം നിരസിച്ച്  അതികമാരും അറിയാതെ  ദർസ് നടത്തി കൂടാനാണ് അദ്ദേഹം ആഗ്രഹിച്ചത് . വിജ്ഞാനതിന്റെ സകല മേഖലകളിലും നിപുണരായ ബാപ്പു മുസ്ലിയാർ
പണ്ഡിതന്മാർക്കിടയിൽ ഏറെ ആദരവ് നേടിയ മഹാനാണ് . ഒരിക്കൽ ബാപ്പു മുസ്ലിയാരുടെ ശിഷ്യൻ അബ്ദുൽ വഹാബ് മുസ്ലിയാരും മറ്റു ചിലരും ചാപ്പനങ്ങാടി ഉസ്താദിനെ കാണാൻ ചെന്നു. കണ്ട മാത്രയിൽ എവിടെ നിന്നാണ് വരുന്നത് എന്ന് ഉസ്താദിന്റെ ചോദ്യം പനങ്ങാട്ടൂരിൽ നിന്നാണന്ന മറുപടി കേൾക്കേണ്ട താമസം ചാപ്പനങ്ങാടി ഉസ്താദ് പറഞ്ഞത്രെ "അള്ളാഹു പറ കൊണ്ട് ഇൽമ് അളന്ന് കൊടുത്ത മഹാനാണ് അവിടെയുള്ളത് പിന്നെ എന്തിന് ഇങ്ങോട് പോന്നു"   കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുപ്പാപ്പയെ കുറിച്ചായിരുന്നു ചപ്പനങ്ങാടിയുടെ കമന്റ്.
ലാളിത്യതിന്റെയും സൂക്ഷ്മതയുടെയും പര്യായമായിരുന്ന ബാപ്പു മുസ്ലിയാർക്ക് പല മശാഇഖന്മാരുമായും ആത്മീയ ബന്ധവുമുണ്ടായിരുന്നു.

തന്റെ ഉസ്താദുമാരായ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെയും അബ്ദുൽ അലി കോമു മുസ്ലിയാരുടെയും പേരിൽ മർസിയത്തുകൾ രജിച്ചിട്ടുണ്ട്. നിരവധി അറബിക്കവിതകൾ രജിച്ച ബാപ്പു മുസ്ലിയാർ സമസ്തയുടെ മുഖപത്രമായിരുന്ന അൽബയാൻ മാസികയിൽ ധാരാളം കവിതകൾ എഴുതിയിരുന്നു.
1910 ലാണ് ഇദ്ദേഹത്തിന്റെ ജനനം. കുഞ്ഞഹമ്മദ് ഹാജിയാണ് പിതാവ് പാത്തുണ്ണി മാതാവും  4 ആൺമക്കളും 4പെൺ മക്കളുമുണ്ടായിരുന്നു .
 മലപ്പുറം കോട്ടുമല കോമ്പ്ലക്സിൽ ദർസ് നടത്തുന്ന പ്രകൽപ പണ്ഡിതൻ ഉസ്താദ് അബ്ദുറഹീം മുസ്ലിയാർ ബാപ്പു മുസ്ലിയാരുടെ മകനാണ്  ഒരു പുരുഷായുസ് മുഴുവൻ ജ്ഞാനപ്രസരണത്തിനായി ഉഴിഞ്ഞ് വെച്ച  ബാപ്പു മുസ്ലിയാർ 1998 ദുൽഹിജ്ജ 7 ന് തന്റെ 88-ാം വയസിലാണ് വഫാതായത്. കൂട്ടിലങ്ങാടി കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്താനിലാണ് മഖ്ബറ.
മർഹൂം ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാർ, വെല്ലൂർ ബാഖിയാത്തിൽ മുദരിസായിരുന്ന അബ്ദു റഹിമാൻ കുട്ടി ഫള്ഫരി തുടങ്ങിയവർ സഹപാഠികളാണ്.
വെള്ളിയാമ്പുറം സൈതാലി മുസ്ലിയാരും[ന.മ], നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരും[ന.മ] , ബാപ്പു മുസ്ലിയാരുടെ ഉറ്റ സുഹുർത്തുക്കളും കൂട്ടുകാരുമായിരുന്നു.
സയ്യിദന്മാരോട് വല്ലാത്ത ആദരവും ബഹുമാനവുമായിരുന്നു ബാപ്പു മുസ്ലിയാർക്ക് .
കണ്ണന്തളി മർഹൂം സയ്യിദ് പി പി തങ്ങളുമായി അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും തങ്ങളുമായി കൂടി ആലോചന പതിവായിരുന്നു എന്നും ബാപ്പു മുസ്ലിയാരുടെ ശിഷ്യൻ വഹാബ് ഉസ്താദിനെ പോലുള്ളവർ പറയുന്നു.
കുട്ടിയായിരുന്നപ്പോൾ ബാപ്പു മുസ്ലിയാരുടെ കൂടെ പനങ്ങാട്ടൂരിലെത്തിയതാണ് വഹാബ് മുസ്ലിയാർ. പിന്നീട് പനങ്ങാട്ടൂരിൽ സ്ഥിര താമസമാക്കി  ബാപ്പു മുസ്ലിയാരുടെ നാട്ടുകാരനും അയൽവാസിയുമായ വഹാബ് മുസ്ലിയാരുടെ പിതാവാണ് കടൂപ്പുറം മുഹമ്മദ് മുസ്ലിയാർ. കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാർ, ആനക്കര കോയക്കുട്ടി മുസ്ലിയാർ അടക്കം അനേകം പണ്ഡിതരുടെ ഗുരുവാണ് അദ്ദേഹം.
അല്ലാഹു മഹാനവർകളുടെ പാരത്രിക ദറജ ഉയർത്തി അനുഗ്രഹിക്കട്ടെ ആമീൻ

                                             കടപ്പാട്:
                                         MA റഊഫ് കണ്ണന്തളി